20-September-2024 -
By. health desk
ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന്റെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ് രോഗം. ലോകമെമ്പാടുമുള്ള ദശക്കണക്കിന് ആളുകളെ അല്‍ഷിമേഴ്സ് ബാധിക്കുന്നു. കണക്കെടുത്താല്‍ ഇന്ത്യയില്‍ മാത്രം 4 ദശലക്ഷത്തിലേറെ പേര്‍ക്ക് വിവിധ തരം ഓര്‍മ്മക്കുറവ് രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് 44 ദശലക്ഷമെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 55 ദശലക്ഷത്തിലധികം പേര് ഡിമെന്‍ഷ്യയുമായി ജീവിക്കുന്നുണ്ട്. ഇത് മരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഏഴാംസ്ഥാനത്താണ്. കൂടാതെ പ്രായമായവരില്‍ ആശ്രിതത്വത്തിന്റെ പ്രധാന കാരണവുമാണ്.
ലോങ്കിറ്റിയൂഡിനല്‍ ഏജിംഗ് സ്റ്റഡി (20182020) പഠനം അനുസരിച്ച് 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ 7.4% ആളുകളും, ഏകദേശം 8.8 ദശലക്ഷം ആളുകളും ഇന്ത്യയില്‍ ഡിമെന്‍ഷ്യയുമായി ജീവിക്കുന്നു. ജനസംഖ്യയില്‍ പ്രായമായവര്‍ കൂടുന്നതിനാല്‍ അല്‍ഷിമേഴ്സ് രോഗമുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പിന്തുണയ്ക്കാമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അല്‍ഷിമേഴ്സ് മാനേജ്മെന്റില്‍ ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ (ഛഠ) പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നത് അവിടെയാണ്. രോഗികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ സുഗമമായി ചെയ്ത് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് സഹായിക്കുന്നു.
അല്‍ഷിമേഴ്സ് രോഗം എന്തെന്ന് അറിയാം
തുടക്കത്തില്‍ ഓര്‍മ്മ, ചിന്തകള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്ന ഒരു മസ്തിഷ്ക രോഗമാണ് അല്‍ഷിമേഴ്സ്. രോഗവുമായി മുന്നോട്ട് പോകുന്തോറും സമീപകാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍ക്കാന്‍ രോഗികള്‍ ബുദ്ധിമുട്ടും. പേരും ആളുകളുടെ മുഖവും മറക്കും. പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴിതെറ്റും. കാര്യങ്ങള്‍ ഗ്രഹിക്കുന്നത് കുറയുന്തോറും പാചകം, കുളി, വസ്ത്രധാരണം തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇത്തരം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുന്നതിലൂടെ നിരാശ, ആശയക്കുഴപ്പം, ദേഷ്യം തുടങ്ങിയ പെരുമാറ്റ മാറ്റങ്ങള്‍ രോഗികള്‍ക്ക് ഉണ്ടാവുക സാധാരണമാണ്. വഴിതെറ്റിയാല്‍ എന്തു ചെയ്യണം പോലുള്ള ചെറിയ തീരുമാനങ്ങളെടുക്കുന്നതിനെ പോലും രോഗം ബാധിക്കും. അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സ ഇല്ലാത്തതു കൊണ്ട് തന്നെ അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയുമാണ് പ്രധാനം. ഇവിടെയാണ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ പങ്ക് നിര്‍ണ്ണായകമാകുന്നത്.
ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക്
അല്‍ഷിമേഴ്സ് രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ദിനചര്യകളും മാനേജ് ചെയ്യാനും അര്‍ത്ഥവത്തായ തൊഴിലുകളിലോ വിനോദങ്ങളിലോ ഏര്‍പ്പെടാന്‍ ഒക്യുപേഷണല്‍ തെറാപ്പി സഹായിക്കുന്നു. രോഗികളുടെ വൈജ്ഞാനിക (ധാരണാശേഷി)പരിമിതികള്‍ക്കിടയിലും കഴിയുന്നത്ര സ്വതന്ത്രമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതില് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ സമീപനം രോഗിക്കും കുടുംബത്തിനും പ്രയോജനകരമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം രോഗിയെ പരിചരിക്കുന്നവരുടെ ഭാരം കുറയ്ക്കുകയും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ അല്‍ഷിമേഴ്സ് രോഗികളെ സഹായിക്കുന്നതെങ്ങനെ?
ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍: വസ്ത്രധാരണം, പാചകം, അല്ലെങ്കില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി ദൈനംദിന ജോലികള്‍ ചെയ്യാനുള്ള രോഗിയുടെ കഴിവ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ വിലയിരുത്തുന്നു. ഈ വിലയിരുത്തലിനെ അടിസ്ഥാനമാക്കി, രോഗിക്ക് ചെയ്യാനാകുന്ന രീതിയില്‍ അവരെ സഹായിക്കുന്ന ഒരു വ്യക്തിഗത പദ്ധതി ഉണ്ടാക്കുന്നു.
പ്രവര്‍ത്തനപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക: വിവിധ സാങ്കേതിക വിദ്യകളിലൂടെ, രോഗിയുടെ കഴിവുകള്‍ പുനഃസ്ഥാപിക്കാന്‍ തെറാപ്പിസ്റ്റുകള്‍ സഹായിക്കുന്നു. ഉദാഹരണത്തിന്, പല്ല് തേക്കുക എന്ന പ്രവര്‍ത്തനത്തെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ ലളിതമായ പല ഘട്ടങ്ങളായി വിഭജിക്കുന്നു. തുടര്‍ന്ന് ദൃശ്യപരമോ വാക്കുകളാലോ ഉള്ള സൂചനകള്‍ നല്കി ആ പ്രവര്‍ത്തനം ചെയ്യാന്‍ രോഗിയെ നയിക്കുന്നു. ഇത് രോഗിയെ സഹായിക്കുക മാത്രമല്ല, രോഗാവസ്ഥയോടുള്ള നിരാശ കുറയ്ക്കാനും സഹായിക്കുന്നു.
ആത്മവിശ്വാസം വളര്‍ത്തിയെടുക്കല്‍: ഒരു പതിവ് ദിനചര്യ നിലനിര്‍ത്താന്‍ അല്‍ഷിമേഴ്സ് രോഗികളെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്കണ്ഠയും ആശയക്കുഴപ്പവും കുറയ്ക്കാനും നേടാനാകുന്ന ലക്ഷ്യങ്ങള്‍ സജ്ജമാക്കി രോഗിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ലക്ഷ്യബോധം നിലനിര്‍ത്താനും നിരാശ കുറയ്ക്കാനും രോഗി പ്രാപ്തരാകുന്നു.
പാരിസ്ഥിതിക പരിഷ്കരണങ്ങള്‍: വീടിന്റെ അന്തരീക്ഷം സുരക്ഷിതമാണെന്നും രോഗിയെ പിന്തുണയ്ക്കുന്നതാണെന്നും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ഉറപ്പ് വരുത്തുന്നു. മുറികളോ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളോ ലേബല്‍ ചെയ്യല്‍, റഗ്ഗുകളോ ചവിട്ടികളോ ഒഴിവാക്കുക, നിലം വ്യക്തവും അലങ്കോലമില്ലാതെ സൂക്ഷിക്കുക, ചലിക്കാന്‍ സഹായിക്കുന്ന വിവിധ മൊബിലിറ്റി എയ്ഡുകള്‍ നല്കല് തുടങ്ങിയവ പോലുള്ള ക്രമീകരണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെട്ടേക്കാം. ആശയക്കുഴപ്പവും വീഴാനുള്ള സാധ്യതയും കുറയ്ക്കാന്‍ മികച്ച ലൈറ്റിംഗ് സഹായിക്കും. ഓട്ടോമാറ്റിക് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് രാത്രിയില്‍ രോഗി വീഴുന്നത് തടയുന്നു.
പരിചരിക്കുന്നവര്‍ക്ക് അറിവും പിന്തുണയും : ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സഹായങ്ങളിലൊന്ന് പരിചരിക്കുന്നവര്‍ക്ക് നല്കുന്ന പിന്തുണയാണ്. അല്‍ഷിമേഴ്സ് രോഗിയെ പരിചരിക്കുന്നത് ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുള്ളതാണ്. വെല്ലുവിളി നിറഞ്ഞ പെരുമാറ്റങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും രോഗിയുമായി ഫലപ്രദമായി ആശയവിനിമയം എങ്ങനെ നടത്താമെന്നും ദൈനംദിന പരിചരണ ജോലികള്‍ ലഘൂകരിക്കാമെന്നും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് പരിചരിക്കുന്നവരെ പഠിപ്പിക്കുന്നു. ഇത് പരിചരിക്കുന്നയാളുടെ ക്ഷീണം കുറയ്ക്കുകയും മൊത്തത്തിലുള്ള പരിചരണ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. അല്‍ഷിമേഴ്സ് രോഗം സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ സഹായത്തോടെ, ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍, ദിനചര്യകള്‍, സമഗ്രമായ പരിചരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
തയ്യാറാക്കിയത്: അനഘ പിഷാരടി ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, പ്രയത്ന, കൊച്ചി